Sunday, April 3, 2011

പാര്‍ശ്വ വല്കരിക്കപ്പെട്ട ജീവിതങ്ങള്‍ ഒരു അനുസ്മരണം

കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നായ തൊടുപുഴയിലെ ഒരു സായം സന്ധ്യയിലേക്ക്‌ നിങ്ങളുടെ ശ്രദ്ധയെ ഒന്ന് ക്ഷണിക്കുന്നു. തൊടുപുഴ നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാന്‍ജോ ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ് എന്ന സ്ഥാപനത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു ചടങ്ങ്. ആ സ്ഥാപനവുമായി ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനും ആ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. 

ഏതാണ്ട് 150 ഓളം ക്ഷണിതാക്കള്‍ പങ്കെടുത്ത ആ ചടങ്ങ് ആധുനിക കാലഘട്ടത്തില്‍ എന്ത് കൊണ്ടും വ്യത്യസ്തമായിരുന്നു. സ്ഥാപനത്തിന്റെ ഉടമ ശ്രീ സണ്ണി വെമ്പിള്ളി വളരെ ലളിതമായ ഭാഷയില്‍ ഏതാനും വാക്കുകള്‍ സംസാരിച്ചു. തുടര്‍ന്ന്  സമൂഹത്തില്‍ ഒറ്റപ്പെട്ട അനാഥ ജീവിതങ്ങളെ സംരക്ഷിച്ചു വരുന്ന തൊടുപുഴയിലെ ദിവ്യരക്ഷാലയം എന്ന  കൂട്ടായ്മയെ ആദരിക്കുന്ന ചടങ്ങാണ് നടന്നത്. ചെറിയ ഒരു തുകയുടെ ക്യാഷ് അവാര്‍ഡും ദിവ്യരക്ഷാലയതിന്റെ സാരധികള്‍ക്ക് നല്‍കുകയുണ്ടായി. പാര്ശ്വവല്‍കരിക്കപ്പെട്ടവരെ ഒറ്റയ്ക്ക് സംരക്ഷിക്കുക സാധ്യമല്ല തന്നെ. അതിനാല്‍ അവരെ സംരക്ഷിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക്‌ ആവുന്ന സഹായം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ശ്രീ സണ്ണി വെമ്പിള്ളി പറയുകയുണ്ടായി. 

വിശിഷ്ടാഥിതികളും രാഷ്ട്രീയക്കാരും മത നേതാക്കളും ആരും ഇല്ലാത്ത ഒരു ചടങ്ങ് പക്ഷെ അതിന്റെ ഉദ്ദേശശുദ്ധി കൊണ്ടും ലാളിത്യം കൊണ്ടും  ശ്രദ്ധേയമായി. ആധുനിക കാലഘട്ടത്തില്‍ വെട്ടിപിടിക്കലിന്റെയും രാഷ്ട്രീയ കുതികാല്‍ വെട്ടിന്റെയും ലോകങ്ങളില്‍ മനുഷ്യ സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതുന്ന ഇത്തരം ചടങ്ങുകള്‍ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റാറില്ല എന്ന് മാത്രം. മാധ്യമങ്ങളും ഇവയൊന്നും വേണ്ടത്ര പ്രാധാന്യം നല്‍കി റിപ്പോര്‍ട്ട്‌ ചെയ്യാറുമില്ല. അനാഥരും രോഗികളും വാര്‍ധക്യം വന്നവരുമായി 150 ല്‍ കൂടുതല്‍ അന്തേവാസികളുള്ള ദിവ്യരക്ഷാലയത്തിന്റെ പ്രവര്‍ത്തകര്‍ വളരെ ഹൃദയസ്പര്‍ശിയായാണ്  സംസാരിച്ചത് . 

ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ഇത്തരം ചടങ്ങുകള്‍ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റാറില്ല എന്ന് തോന്നിയത് കൊണ്ടും ഈ ഇലക്ഷന്‍  ചൂടില്‍  അധികാര മോഹവും പേറി ഒരു വിഭാഗം നടക്കുമ്പോഴും പിന്നാമ്പുറത്ത് ആരും അറിയാതെ ചില മനുഷ്യ സ്നേഹികള്‍ ജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വെച്ച് പ്രവര്‍ത്തിക്കുന്നു എന്ന യാദാര്‍ത്ഥ്യം സമൂഹം അറിയണമെന്ന് തോന്നിയത് കൊണ്ടും ഇത്രയും എഴുതി എന്ന് മാത്രം. സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്ക് പിറകെ പോകുന്ന മാധ്യമങ്ങള്‍ വെല്ലപോഴും എങ്കിലും ചെറിയ കോളങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിചെങ്കില്‍............... 

മനുഷ്യ സ്നേഹികളെ നിങ്ങള്‍ക്ക് ഒരായിരം പ്രണാമം.

1 comment:

  1. Enthu cheyyan pattum namukk! nammal verum sarkkar gumasthan maaraayi poyille! aarenkilum vayichotte ennu karuthi oru blog ezhuthane paramaavathi pattoo namukk

    ReplyDelete