Monday, January 24, 2011

ശമ്പള പരിഷ്കരണം ഗ്രാമ വികസന വകുപ്പില്‍

സംസ്ഥാന സര്‍ക്കാര്‍  നിയോഗിച്ച ഒന്‍പതാം ശമ്പള കമ്മിഷന്‍ സര്‍ക്കാരിനു  റിപ്പോര്‍ട്ട് സമര്‍പിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും സജീവമായി ജീവനക്കാരുടെ ഇടയില്‍ നടന്നു വരികയാണ്. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് സംസ്ഥാന ജീവനക്കാര്‍ക്ക് അനുവദിച്ചു നല്‍കുന്ന നേട്ടങ്ങള്‍ വകുപ്പ് തലത്തില്‍ കമ്മിഷന്‍ നടത്തിയിട്ടുള്ള പഠനങ്ങളും നിര്‍ദ്ദേശങ്ങളും ആഴത്തില്‍ പഠിച്ചതിനു ശേഷം മാത്രമേ വിലയിരുത്താനാവൂ. പൊതുവായി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ലഭിക്കാവുന്ന സാമ്പത്തിക നേട്ടങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ ഒരു ഏകദേശ ധാരണയിലെത്താം എന്ന് മാത്രം. പരിഷ്കരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കൂ.

എന്നാല്‍ ഗ്രാമ വികസന വകുപ്പിലെ വില്ലജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  തസ്തികയിലുള്ള ജീവനക്കാരുടെ സംഘടന  KCDEOA കമ്മീഷന്‍ റിപ്പോര്ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. മേല്‍ ജീവനക്കാരെ ശമ്പള കമ്മീഷന്‍ അവഗണിച്ചു എന്നാരോപിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ട അവധി, ധര്‍ണ്ണ, സൂചനാ പണിമുടക്ക്‌ എന്നിവ ഇതിനോടകം നടത്തിക്കഴിഞ്ഞു. ഫെബ്രുവരി മാസം മുതല്‍ അനിശ്ചിത കാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിലെ  ഇമ്പ്ലിമെന്റിംഗ് ഓഫീസര്‍ ആയ വി. ഇ .ഓ  മാര്‍ ഗ്രാമ/ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഏല്‍പ്പിക്കുന്ന മറ്റു നിരവധി ജോലികളും ചെയ്യേണ്ടി വരുന്നു എന്നും  ഈ വിഭാഗം ജീവനക്കാരുടെ ജോലി ഭാരം കമ്മീഷന്‍ പരിഗണിച്ചില്ല എന്നും സമരാഹ്വാന നോട്ടീസില്‍  പറഞ്ഞിട്ടുണ്ട് . ഗ്രേഡ്  1. വി.ഇ.ഓ. മാരുടെ അതേ ശമ്പള സ്കെയില്‍ ഉണ്ടായിരുന്ന യു.ഡി.ക്ലാര്‍ക്ക് മാരുടെ ശമ്പളം പരിഷ്കരണ ശുപാര്‍ശ പ്രകാരം ഉയര്‍ത്തിയതാണ് KCDEOA എന്ന സംഘടന സമര പരിപാടികളിലേക്ക് കടക്കുവാന്‍ പ്രധാന കാരണം എന്ന് വേണം മനസ്സിലാക്കുവാന്‍ . അര്‍ഹമായ ആനുകൂല്യം ലഭിച്ചില്ല എന്നതിനപ്പുറം ക്ലെറിക്കല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കി എന്നതാണ് ഈ സംഘടന എടുത്തു കാണിക്കുന്ന അപാകത. ക്ലെറിക്കല്‍ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തിയതിനു കമ്മീഷന്‍ നല്‍കിയിട്ടുള്ള വിശദീകരണം ഏറെ പഠനങ്ങള്‍ക്ക് ശേഷമാണെന്ന് റിപ്പോര്‍ട്ട്‌ വായിക്കുന്ന ആര്‍ക്കും ബോധ്യപെടുന്നതാണ്. കമ്മീഷന്റെ നിഗമനങ്ങള്‍ ഗ്രാമ വികസന വകുപ്പിന് മാത്രം ബാധകമായ കാര്യവുമല്ല . 

KCDEOA എന്ന സംഘടന ഓഫീസുകളില്‍ വിതരണം ചെയ്ത പണിമുടക്ക്‌ നോട്ടീസ് അവകാശങ്ങള്‍ നേടി എടുക്കുന്നതിന്  ശ്രമിക്കുന്നതിനേക്കാള്‍ ക്ലെറിക്കല്‍ വിഭാഗം ജീവനക്കാരോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്ന  ഒന്നായി വേണം കരുതാന്‍ . ക്ലെറിക്കല്‍ വിഭാഗം ജീവനക്കാരെ വളരെ മോശമായി ചിത്രീകരിക്കാന്‍ KCDEOA എന്ന സംഘടന ശ്രമിച്ചു എന്നത് അങ്ങേയറ്റം ഖേദകരമാണ്. ഒരേ വകുപ്പിലെ രണ്ടു വിഭാഗം ജീവനക്കരെന്ന നിലയില്‍ വി.ഇ.ഓ./ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മാര്‍ , ക്ലെറിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വകുപ്പ് തല പദ്ധതികളും മറ്റും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഒരു ബ്ലോക്ക്‌ ഓഫീസി ന്റെ ചിത്രമെടുത്താല്‍ ബി. ഡി. ഓ. മുതല്‍ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍  വരെ ഉള്ളവര്‍ അവരവരുടേതായ  കര്‍തവ്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചാല്‍ മാത്രമേ പൊതു ജനങ്ങള്‍ക്ക്‌ പ്രയോജനപ്രദമായി ഓഫീസിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുകയുള്ളൂ. ഈ ജീവനക്കാരില്‍ ആരും ആരുടെയും മുകളിലല്ല - താഴെയുമല്ല. ഓഫീസി ന്റെ സുഗമമായ നടത്തിപ്പിനും ഭരണ പരമായ കാര്യങ്ങള്‍ക്കും വേണ്ടി ഓരോ പദവി യോഗ്യരും അനുയോജ്യരുമായ  ജീവനക്കാര്‍ക്ക്  സര്‍ക്കാര്‍ കല്‍പ്പിച്ചു നല്‍കിയിട്ടുണ്ടെന്ന് മാത്രം. ഇത് ഓരോ ജീവനക്കാരനും മനസിലാക്കേണ്ടതാണ്. മറിച്ചു ചിന്തിക്കുന്നത് അറിവില്ലായ്മയും അഹംഭാവവും കൊണ്ട് മാത്രമാണ്. ആരുടേയും ജോലി ആരുടേതില്‍  നിന്നും മികച്ചതല്ല.

 ശമ്പള കമ്മീഷന്‍ മുമ്പാകെ ജോലി ഭാരവും മറ്റും ബോധ്യപെടുത്തി  അതിലൂടെ വി.ഇ.ഓ. മാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ KCDEOA എന്ന സംഘടനക്കു സാധിച്ചില്ല എന്ന് വേണം മനസ്സിലാക്കുവാന്‍ .  സംഘടനാ  നേതാക്കളാണ് ഇതിനു ഉത്തരവാദികള്‍ . ഇത് മറച്ചു വച്ചു ഇതിന്റെ ഉത്തരവാദിത്വം മറ്റാരുടെയങ്കിലും മേലെ ആരോപിക്കുന്നത്  സംഘടനാ മര്യാദകളുടെ നഗ്നമായ ലംഖനമാണ്.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും നിലവിലുള്ള തസ്ഥികയാണ് ക്ലാര്‍ക്ക് മാരുടേത്. അല്ലാതെ  ഗ്രാമ വികസന വകുപ്പില്‍ മാത്രം ഉള്ള ഒന്നല്ല.  ക്ലെറിക്കല്‍ ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ പ്രശ്നങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുകയും പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത് ഏതെങ്കിലും വകുപ്പിലെ ക്ലെറിക്കല്‍ ജീവനക്കാരെ കണ്ടിട്ടല്ല മറിച്ചു എല്ലാ വകുപ്പിലേയും ക്ലെറിക്കല്‍ ജീവനക്കാരെ  ഒന്നായി കണ്ടിട്ടാണ് എന്നതില്‍ സംശയം വേണ്ട. കമ്മീഷന്റെ നിഗമനങ്ങള്‍ ഇതിനു തെളിവാണ്.


ശമ്പള പരിഷ്കരണ നടപടികള്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് സര്‍ക്കാര്‍ സേവനം നടത്തുന്ന എല്ലാ ജീവനക്കാര്‍ക്കും അര്‍ഹമായ  ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കുക എന്ന് തന്നെയാണ്. അല്ലാതെ ആരുടെയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നു എടുക്കുക  എന്നൊരു ലക്‌ഷ്യം അതിനില്ല. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അപ്പാടെ സര്‍ക്കാര്‍ നടപ്പിലാക്കണം എന്നുമില്ല.  അതിനാല്‍ ആണല്ലോ  കമ്മീഷന്‍ ശുപാര്‍ശകള്‍ പഠിക്കാന്‍ മന്ത്രി സഭാ ഉപ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. അപാകതകള്‍ പരിഹരിച്ചു കൊണ്ട് വേണം പരിഷ്കരണം നടപ്പാക്കാന്‍ ‍. അര്‍ഹാമായ ആനുകൂല്യങ്ങള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭിക്കണം.  സംഘടനകള്‍ ഇതിനായി വേണം നിലകൊള്ളാന്‍ ‍. ഗൂഡ  ഉദ്ദേശങ്ങള്‍ വച്ചു പുലര്‍ത്തി ജീവനക്കാരെ ബലിയാടാക്കുന്ന സംഘടനാ പ്രവര്‍ത്തനം നിരുത്സാഹപെടുത്തേണ്ടത്  തന്നെയാണ്. സംശയമില്ല.

No comments:

Post a Comment