Sunday, September 19, 2010

പറയാതെ വയ്യ

          മലയാളിയുടെ ജീവിത രീതിയില്‍ വന്ന മാറ്റങ്ങളും സാമൂഹിക മര്യാതകള്‍  പാലിക്കുന്നതില്‍  കാണിക്കുന്ന വിമുഖതയും കാണുമ്പോള്‍ പലതും പറയാതെ വയ്യ. സ്വാര്‍ത്ഥതയുടെ പര്യായമായി മലയാളി മാറികൊണ്ടിരിക്കുന്നു. സ്വന്തം കാര്യം സിന്ദാബാദ്‌ എന്നാ നിലയിലേക്ക് മലയാളി സമൂഹം അധ:പതിക്കുന്നത് വേദനോയോടെയെ കണ്ടു നില്‍ക്കാന്‍ പറ്റു. ആധുനിക വിദ്യാഭ്യാസം യുവ തലമുറയ്ക്ക് സാമൂഹിക മര്യാദകള്‍ പഠിപ്പിച്ചു കൊടുക്കുന്നില്ല എന്നത് ഖേദകരം തന്നെ. വിദ്യാഭ്യാസം കൊണ്ട്  താന്‍  നേടുന്നത് മറ്റെന്തോ ആണെന്ന തോന്നലും അത് മറ്റുള്ളവരില്‍ നിന്ന് തന്നെ ഉയര്‍ത്തി നിര്‍ത്തുന്നു എന്ന ചിന്തയും യുവ തലമുറയെ അഹങ്കാരത്തിന്റെയും സ്വാര്‍ത്ഥതയുടെയും ലോകങ്ങളിലേക്ക് കൈ പിടിച്ചു നടത്തുന്നു. വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടത് സത്യവും നീതിയും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായ ഒരു തലമുറയെ ആണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും അതായിരിക്കണം. അല്ലാതെ ഏതാനും വിഷയങ്ങള്‍ തെരഞ്ഞെടുത്തു  പഠിക്കുകയും  പഠിച്ചതൊന്നും പ്രായോഗിക ജീവിതത്തില്‍ പ്രയോജനപ്പെടാതെ ഇരിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ നേടിയ  വിദ്യാഭ്യാസത്തില്‍ വിദ്യ ഒഴികെ ഉള്ള അഭ്യാസങ്ങള്‍ മാത്രമേ ഉള്ളു എന്ന് പറയേണ്ടി വരും. കാരണം ആധുനിക വിദ്യാഭ്യാസം ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും പഠിപ്പിച്ചു നല്‍കുന്നില്ല.

          ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍തെടുത്താല്‍  മാത്രമേ സമൂഹത്തിന്റെ നിലനില്‍പ്പ്‌ ശുഭാകരമാവൂ.  അതിനു വിദ്യാഭ്യാസത്തിന്റെ പങ്കു വളരെ വലുതാണ്‌. വിദ്യാഭ്യാസം ഒരു കച്ചവടത്തിന്റെ ഭാഗമായി മാറിയ ഇന്ന് ഇതില്‍ നിന്നും ഏറെ ഒന്നും പ്രതീക്ഷിച്ചു കൂടാ. ആരോഗ്യ രംഗവും വിദ്യാഭ്യാസ മേഖലയും ഏറ്റവും മുന്തിയ പരിഗണന  നല്‍കി  പരിപാലിക്കെണ്ടതാണ്.   എന്നാല്‍ ഇവ രണ്ടും ഇന്ന് രാഷ്ട്രീയ നേതൃത്വത്തിന്റെയും വന്‍കിട വ്യവസായ പ്രമുഖരുടെയും നിയന്ത്രണത്തില്‍ ആണ് നിലകൊള്ളുന്നത്. കച്ചവട ലക്ഷ്യങ്ങള്‍ മാത്രമുള്ള ഒരു വിഭാഗം നിയന്ത്രിക്കുന്ന ഒരു സേവന രംഗം ഒരു പക്ഷെ നമ്മുടെ രാജ്യത്ത് മാത്രമായിരിക്കും കാണാന്‍ സാധിക്കുക. രാജ്യത്തിനകത്തും പുറത്തും നിന്ന്  ഈ മേഖലയിലേക്കുള്ള കടന്നു കയറ്റത്തിന്  നമ്മുടെ ഭരണ കര്‍ത്താക്കളുടെ ഒത്താശ കൂടി ആകുമ്പോള്‍ എല്ലാ വിധ മൂല്യച്യുതികളും സമൂഹത്തില്‍ നടമാടും. ഈ ദുര്‍ ദശ നീങ്ങുവാന്‍ വ്യഷ്ട്ടി മനസ്സുകള്‍ ഉണരേണ്ടതുണ്ട്. സത്യവും നീതിയും നിലനില്കാനും സമഷ്ട്ടി മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും ഭാരതത്തിന്റെ പാരമ്പര്യത്തില്‍ പിറന്ന ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. അനീതികള്‍ക്കെതിരെ ശബ്ടിക്കുവാനും (എതിര്‍ക്കാനല്ല മറിച്ചു ശരിയേതെന്ന് പഠിപ്പിക്കുവാന്‍) സ്വന്ത നിലയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നാം തയ്യാറായെ മതിയാകൂ.

          സമൂഹത്തിലെ ചില മൂല്യച്യുതികളെ കുറിച്ച് ഇത്രയും പറഞ്ഞു എന്ന് മാത്രം. ആരെയും കുറ്റപ്പെടുത്താനും നിരുല്സാഹപ്പെടുതാനും യാതൊരുവിധ ഉദ്ദേശവും ഇല്ല.

          ആരോഗ്യവും അത് നേടുവാന്‍ വേണ്ട അറിവും ഇവിടെ പിറന്നു വീഴുന്ന ഓരോ കുഞ്ഞും അവന്റെ ജന്മം കൊണ്ട് തന്നെ നേടെണ്ടതാണ്. അവന്റെ പാരമ്പര്യ ജനിതകങ്ങള്‍ ഈ അറിവ് ജന്മനാ അവനു നല്‍കുന്നു. ആധുനിക വിദ്യാഭ്യാസം ഇതില്‍ നിന്നും അവനെ അകറ്റുകയും ഒരു വിദേശി ആയി ഈ മണ്ണില്‍ വളര്‍ത്തുകയും ആണ് ചെയ്യുന്നത്. നമുക്ക് നഷ്ടപ്പെടുന്ന ഇത്തരം അറിവുകളെ ഒരു ശാസ്ത്രം എന്ന  നിലയില്‍ നോക്കി കാണുവാനും അവയെ കുറിച്ച് ഒരു അവബോധം വളര്‍ത്തുവാനും ഒരു എളിയ ശ്രമം ഇത് വഴി നടത്തുകയാണ്.

          ആരോഗ്യമാണ് മനുഷ്യന്റെ നിലനില്‍പ്പിനു ആധാരം. ആരോഗ്യം നില നിര്‍ത്താന്‍ ചില ജീവിത ക്രമങ്ങള്‍ പാലിച്ചേ മതിയാകൂ. ആഹാരം നിദ്ര ഇവയിലെല്ലാം അനുഷ്ടിക്കേണ്ട ചിട്ടവട്ടങ്ങളും അത് സംബന്ധിച്ച നാട്ടറിവുകളും ആയുര്‍വേദ ശാസ്ത്രത്തെ അവലംബമാക്കി ഒരു പഠനത്തിനു വിധേയമാക്കാന്‍ ആഗ്രഹിക്കുന്നു. ശരാശരി മലയാളിയുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്കികൊണ്ടും ഒരു ചര്യ എന്ന നിലയില്‍ ദൈനംദിന ജീവിതത്തില്‍ അനുഷ്ടിക്കെണ്ടാതായ കാര്യങ്ങള്‍ പ്രതിപാദിച്ചുകൊണ്ടും ഒരു തുടര്‍ച്ചയായി ഇത് മുന്നോട്ടു കൊണ്ടുപോകണം എന്നുണ്ട്. അറിഞ്ഞവന് അറിയിക്കുക എന്നൊരു ധര്‍മം ഉണ്ട്.  അപ്പോഴാണ്‌ അറിവ് അറിവാകുന്നത്. അറിഞ്ഞവര്‍ പങ്കു വെക്കുക. അറിവ് എല്ലാവര്‍ക്കും ഉപകരിക്കട്ടെ.

തുടര്‍ന്നും വായിക്കുക 

No comments:

Post a Comment