Sunday, September 19, 2010

ആയുര്‍വേദം ഒരു വേറിട്ട ചിന്ത (2)

          ഭാരതീയ വിജ്ഞാന ശാഖകളൊക്കെ വളര്‍ന്നു വികസിച്ചു ദേശ കാലങ്ങളെ ഉല്ലംഘിച്ച് പൂര്‍ണ്ണതയില്‍ എത്തി പല പന്ഥാവുകള്‍ തുറന്നു നില്‍ക്കുന്ന വിപുലമായ ശാഖയാണ്‌. ഭാരതത്തിന്റെ ഏതു ദര്‍ശന ശാഖ എടുത്താലും ഇത് നമുക്ക് കാണാം. അത് കൊണ്ട് തന്നെ അതിനു പല അംശങ്ങള്‍ ഉണ്ടാകും.സാമൂഹികം, സംസ്കാരികം, സാമ്പത്തികം ഇങ്ങനെ അനേക മേഖലകളിലേക്ക് വഴി തിരിക്കാവുന്ന അനേക പന്ഥാവുകള്‍ ഒരേ ശാസ്ത്ര ശാഖയില്‍ തന്നെ നമുക്ക് കാണാന്‍ കഴിയും. അതില്‍ പല പാരമ്പര്യങ്ങള്‍ (School of Thoughts) കാണാന്‍ കഴിയും. ആയുര്‍വേദം എടുത്താല്‍ ധന്വന്തരീയര്‍ എന്ന് പറയുന്ന ഒരു School of Thought ഉണ്ട്. അതിലാണ് സുശ്രുതന്‍ ഒക്കെ വരുന്നത്.  സൃതര്‍ഷിയായ സുശ്രുതനും മറ്റും വരുന്നത് ആ school of thought ല്‍ ആണ്. മറ്റൊന്നാണ് ചരകാദികളിലൂടെ വരുന്നത്. അപ്പോള്‍ ഇങ്ങനെ അനേക പാരമ്പര്യങ്ങള്‍ തന്നെ ഒരേ ശാസ്ത്രതിനകത്തു ഉണ്ട്. അത് കൊണ്ട് സങ്കല്പനങ്ങള്‍ക്ക് ഈഷദ് ഭേദം ഉണ്ടാകും. ചിലതില്‍ നിന്ന് കൊല്ലുകയും ചിലതിനെ തള്ളുകയും ചെയ്യുന്ന സാമ്പ്രദായിക പഠനങ്ങളും അവയില്‍ കാണാന്‍ കഴിയും.ഇങ്ങനെ അനേക ചിന്ത ധാരകളുടെ സമ്മിളിത രൂപമാണ്  ആയുര്‍വേദം എന്ന ബ്രുഹത്  ശാസ്ത്രം.
ആയുര്‍വേദം ആയുസ്സിനെ സംബന്ധിക്കുന്ന അറിവാണ്. ഓരോ ജീവിക്കും ഒരു ജീവിത കാലം ഉണ്ട്. അതില്‍ മനുഷ്യന്‍ പൂര്‍ണ്ണ വളര്‍ച്ച എത്താനുള്ള കാലം 20 വര്‍ഷമെന്ന് ആയുര്‍വേദം ഗണിക്കുന്നു. അപ്പോള്‍ അതിനനുസരിച്ച് ഉള്ള ഋതു ചര്യ, കാല ദേശ വ്യവസ്ഥകള്‍, വിദ്യാഭ്യാസ രീതി അതിനനുഗുണമായ പഠനം പാഠനം ഇവയൊക്കെ വേണമെന്ന് ആയുര്‍വേദത്തില്‍ നിഷ്കര്‍ഷ ഉണ്ട്.

          ഒരു ജീവിയുടെ ആയുര്‍ ദൈര്‍ഖ്യം എന്ന് പറയുന്നത് അതിന്റെ പൂര്‍ണ്ണ വളര്‍ച്ചക്ക് വേണ്ടതിന്റെ ആറിരട്ടി സമയം ആണ്. അപ്പോള്‍ മനുഷ്യന്റെ ആയുസ്സ് 120 വര്‍ഷമെന്നാണ് കണക്ക്. യൌവ്വനം തീരുന്നത്  70 വയസ്സില്‍ ആണ്. ഇപ്പോള്‍ 30 വയസ്സില്‍ തീരും. ഒരാളുടെ യൌവ്വനം ആയുര്‍വേദം അനുസരിച്ച് കഴിയുന്നത്‌ 70 വയസ്സില്‍ ആണ്. മഹാഭാരത യുദ്ധത്തിലും മറ്റും യുവാവായ അര്‍ജുനന്‍ 70 വയസ്സിലാണ് യുദ്ധം ചെയ്യന്നത്. 119 വയസ്സുള്ള ഭീഷ്മ പിതാമഹന്‍ ആണ് എതിരിട്ടു നില്‍ക്കുന്നത്. മഹാഭാരത യുദ്ധക്കളത്തില്‍ ഏറ്റവും സമുചിതമായി പോരാടിയ യോദ്ധക്കളില്‍ അത്യുന്നതനും സര്‍വ്വ സൈന്യാധിപനും ആയിരുന്നു ഭീഷ്മര്‍. ഒരു ചരിത്ര ഗ്രന്ഥം ആണോ അല്ലയോ എന്ന് നമുക്ക് അറിയില്ല. എന്തായാലും അന്നത്തെ ഋഷി കവിയുടെ സങ്കല്പനത്തില്‍ ഉണ്ടായതാണ് എങ്കിലും 119 വയസ്സ് എന്നത് സങ്കല്പത്തില്‍ ഉണ്ടാകണം. അപ്പോള്‍ അങ്ങനെ ഉള്ളവരൊക്കെ ജീവിചിട്ടുണ്ടാകണം. ഇങ്ങനെ 119 വയസ്സില്‍ പൂര്‍ണ്ണ ആരോഗ്യത്തോടു കൂടി ഇരിക്കാം. ഇരിക്കാന്‍ അവകാശം ഉള്ളവനാണ് മനുഷ്യന്‍. അനായാസേന മരിക്കാനും ജീവിച്ചിരിക്കുന്നിടത്തോളം കാലം ശരീരം കൊണ്ടും, മനസ്സ് കൊണ്ടും ബുദ്ധി കൊണ്ടും അനുഭവിക്കേണ്ട സൌഭാഗ്യങ്ങള്‍ ഒക്കെ ഭംഗിയായി അനുഭവിക്കേണ്ടവനും തൃപ്തനായി ഭൂമിയോട് വിട പറയേണ്ടവനും ആണ് മനുഷ്യന്‍ എന്ന് ചിന്തിക്കുമ്പോള്‍ ആണ്  ആയുസ്സിനെ കുറിച്ച് ചിന്തിക്കേണ്ടി വരിക.

          അപ്പോള്‍ ആയുര്‍വേദത്തിന്റെ ഒന്നാം ഭാഗം സ്വസ്ഥന്റെ നിലയാണ്. ആരോഗ്യം എന്നത് കഴിഞ്ഞിട്ട് മാത്രമേ അനാരോഗ്യം എന്ന വിഷയം വരുന്നുള്ളൂ. ആരോഗ്യം ഇല്ലാത്ത അവസ്ഥ അല്ല അനാരോഗ്യം. അഥവാ വൈശേഷിക ദര്‍ശനം ദ്രവ്യത്തെ പഠിപ്പിക്കുമ്പോള്‍ അഭാവം എന്നൊരു ദ്രവ്യം ഉണ്ട്. അതല്ല അനാരോഗ്യം.  ആരോഗ്യത്തിന്റെ അഭാവം അനാരോഗ്യം എന്ന് പദം പറയാം. ആരോഗ്യത്തിന്റെ ലക്ഷണങ്ങളും അനാരോഗ്യത്തിന്റെ ലക്ഷണങ്ങളും വ്യത്യസ്തങ്ങള്‍ ആണ്. ആരോഗ്യത്തിന്റെ ലക്ഷണങ്ങളുടെ അഭാവം അല്ല അനാരോഗ്യം ഉള്ളവനില്‍ കാണുന്നത്. അത് കൊണ്ട് തന്നെ ആരോഗ്യം ഇല്ലാത്ത അവസ്ഥ ആരോഗ്യം എന്നതിന്റെ അഭാവം അല്ല. ഇരുട്ടും വെളിച്ചവും പോലെ. ഇരുട്ട് അഭാവം ആണ്. ഒരു അഭാവ ദ്രവ്യം ആണ് ഇരുട്ട്.

          വൈശേഷികന്‍ ആണ് ദ്രവ്യത്തെ അതിന്റെ എല്ലാ അമ്ശത്തിലും പഠിക്കാന്‍ ഒരുങ്ങിയിട്ടുള്ളത്. ദ്രവ്യം തന്നെ ആണ് രോഗി. ദ്രവ്യം തന്നെ ആണ് ഔഷധം. ദ്രവ്യ ഘടനയില്‍ വരുന്ന മാറ്റം രോഗവും.


തുടര്‍ന്ന് വായിക്കുക

No comments:

Post a Comment