Wednesday, September 29, 2010

കേരളത്തിലെ ദൃശ്യ മാധ്യമങ്ങള്‍

കേരളത്തിലെ ദൃശ്യ മാധ്യമങ്ങള്‍ പ്രത്യേകിച്ചും വാര്‍ത്താധിഷ്ടിത ചാനലുകള്‍ എന്താണ് മലയാളി ജനതയ്ക്ക് നല്‍കി വരുന്നത്.  വാര്‍ത്ത ജനങ്ങളില്‍ എത്തിക്കുക എന്ന കേവലമായ മാധ്യമ ധര്‍മത്തിനും അപ്പുറം തങ്ങളുടെ ചിന്താ ധാരയില്‍ നിന്ന് കൊണ്ട് വാര്‍ത്തയെ അവലോകനം ചെയ്യുകയും സ്വന്തം കാഴ്ചപാടുകള്‍ ഒരു സമൂഹത്തില്‍ അടിച്ചേല്പിക്കുകയും ചെയ്യുന്ന വികലമായ മാധ്യമ അധര്‍മ്മമാണ്‌ ഇന്ന് കേരളത്തിലെ വാര്‍ത്താധിഷ്ടിത ചാനലുകള്‍ ചെയ്തു വരുന്നത്.

ഒരു സാധാരണ മലയാളി എന്ന നിലയില്‍ നോക്കികാണുമ്പോള്‍ പല വാര്‍ത്തകളും  അത് രാഷ്ട്രീയമാകട്ടെ സാമൂഹികമാകട്ടെ ചാനലുകള്‍ കൈകാര്യം ചെയ്യുന്ന രീതി വിമര്‍ശിക്കപെടെണ്ടാതാണ് . കാരണം അവര്‍ നല്‍കുന്നത് വസ്തു നിഷ്ടമായ വാര്‍ത്ത അല്ല. വാര്‍ത്തകളില്‍ തങ്ങളുടെതായ കൂട്ടിച്ചേര്‍ക്കലുകളും ചിന്താധാരകളും കലര്‍ത്തി അടിച്ചേല്പിക്കുന്ന ഒരു നയം ആണ് ‌ ഇന്ന് മാധ്യമങ്ങള്‍ ഇവിടെ അനുവര്‍ത്തിച്ചു പോരുന്നത്.

ഇന്ന് നാം കേള്‍ക്കുന്ന അയോധ്യ വിധി  കേരളത്തിലെ ഒരു സാധാരണക്കാരനെ എപ്രകാരമാണ്  ബാധിക്കുക എന്ന് വ്യക്തമാക്കാനുള്ള മര്യാദ എങ്കിലും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തണം. അയോധ്യ അയോധ്യ എന്ന് കൊട്ടി ഘോഷിക്കുന്ന മാധ്യമങ്ങള്‍ സാമൂഹിക സ്പര്‍തയും മത വൈരവും വളര്‍ത്തുവാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അയോധ്യ ഭൂമി ആരുടെ ഉടമസ്ഥതയിലാണ് എന്ന്  കോടതി വിധിച്ചാലും ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ അത് എങ്ങനെയാണ് ബാധിക്കുക ? അയോധ്യ ഭൂമി ആരുടെ കൈവശത്തിലിരുന്നാലും കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കും അതില്‍ എന്തെങ്കിലും താല്പര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുക വയ്യ. വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ജന ശ്രദ്ധ പിടിച്ചു പറ്റുന്നതിനു വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്യുന്ന വികലമായ നയം കേരളത്തിലെ മാധ്യമങ്ങള്‍ ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അല്പം വേദനയോടെ നിങ്ങളുടെ ശ്രദ്ധയെ അടുത്ത കാലത്തുണ്ടായ ഒരു ദുരന്തത്തിലേക്ക് ഒന്ന് കൊണ്ട് പോയ്കൊള്ളട്ടെ. സംഭവം തട്ടേക്കാട്‌ ബോട്ട് അപകടം. നിരവധി പിഞ്ചു കുഞ്ഞുങ്ങള്‍ ആ  ദുരന്തത്തില്‍ മരിക്കാനിടയായി. ഹൃദയം ഉള്ള ആര്‍ക്കും ഒരു ഞെട്ടലോടെ  മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ആ വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത വിധം ഒന്ന് ഓര്‍ത്തു നോക്കൂ. സംഭവ സ്ഥലത്ത് നിന്നും മരിച്ച കുഞ്ഞുങ്ങളുടെയും മറ്റും ശരീരം നീക്കം  ചെയ്യുന്ന ദൃശ്യ, ഇടവിടാതെ കാണിച്ചു കൊണ്ടിരുന്ന ചാനലുകള്‍ മരണ സംഘ്യ കൂട്ടുന്നതില്‍ മത്സരിക്കുകയായിരുന്നു. ഒരു മരണം ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള വ്യഗ്രതയില്‍ മാധ്യമങ്ങള്‍ മറന്നത് ഒരു സമൂഹത്തോടാകെ ഉള്ള പ്രതിബദ്ധത ആയിരുന്നു. ആ ദൃശ്യങ്ങള്‍ മനസാക്ഷി ഉള്ള ആര്‍ക്കും അധിക സമയം കണ്ടു നില്‍ക്കാന്‍ ആകുമായിരുന്നില്ല. ഒരു അപകടം സംഭവിച്ചപ്പോള്‍ ജനങ്ങളെ അത് അറിയിക്കുക എന്നത് വേണ്ടത് തന്നെ. അതിനപ്പുറം നിരന്തരം മാറി മാറി ഒരേ ദ്രിശ്യങ്ങള്‍ അതും നാം കാണാന്‍ ഇഷ്ടപെടാത്തവ കാണിക്കുകയും അതിനു വേണ്ടി മത്സരിക്കുകയും ചെയ്യുന്ന ഒരു മാധ്യമ സമൂഹം നമ്മുടെ നാടിനു അപമാനം തന്നെ ആണ് സംശയം ഇല്ല.

യാതൊരു രാഷ്ട്രീയ സാമൂഹിക പക്ഷ ഭേദവും ഇല്ലാതെ  ഒരു സമൂഹത്തിന്റെ അപചയം ബോധ്യപ്പെടുത്താന്‍ മാത്രം ഇത്രയും പറഞ്ഞു എന്നേ ഉള്ളു.

ഇന്ന് നാം ശ്രദ്ധയോടെ നോക്കുന്ന അയോധ്യ പ്രശ്നവും മാധ്യമങ്ങളുടെ മുതലെടുപ്പിന് വ്യക്തമായ ഉദാഹരണങ്ങളാണ്. ഇതിനെതിരെ ഒരു ശബ്ദവും ഉയര്‍ന്നു കേള്‍ക്കുന്നില്ല. നമുക്ക് ഭരണ കര്‍ത്താക്കളും  സാമൂഹിക സാംസ്കാരിക നായകന്മാരും ഉണ്ട്. ആരുടേയും ശബ്ദം ഇതിനെതിരെ മുഴങ്ങി കേട്ടില്ല.

ഇവിടെ ജീവിക്കുന്ന ഓരോ മാനവനും സത്യം തിരിച്ചരിയെണ്ടതുണ്ട്. ഏതു സ്വാര്‍ത്ഥ ലാഭത്തിനായാലും ഒരു സമൂഹത്തില്‍ വിദ്വേഷവും വൈരവും വളര്‍ത്തുമാറ്  വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരുല്സാഹപെടുതെണ്ടാതാണ്. അതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള വിവേകവും ചിന്താ ശക്തിയും മലയാളി നേടിയേ മാതിയാകു. അതിലൂടെ മാത്രമേ പരസ്പര സ്നേഹവും വിശ്വാസവും വളര്‍ത്താനും കെട്ടുറപ്പുള്ള ഒരു സമൂഹം നിലനിര്‍ത്താനും സാധിക്കൂ.

ദൃശ്യ മാധ്യമങ്ങള്‍ തുടരുന്ന ഈ ശവ സംസ്കാരം നമുക്ക്  കൂട്ടായി ചെറുക്കാം. നമ്മുടെ സാംസ്കാരിക നായകന്മാരും ഭരണ കര്‍ത്താക്കളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും നമുക്ക് വളരാം ഒരിക്കലും തളരാതെ.

No comments:

Post a Comment